അക്കാഡമിക് തിരക്കുകളിൽ നിന്ന് ഇടുക്കിയുടെ മടിത്തട്ടിലേക്ക്: ഒരു KSRTC ഹൃദയയാത്ര !

അക്കാഡമിക് തിരക്കുകളിൽ നിന്ന് ഇടുക്കിയുടെ മടിത്തട്ടിലേക്ക്: ഒരു KSRTC ഹൃദയയാത്ര!
യാത്രാവിവരണം:
ശുഹൈബ തേക്കിൽ (അധ്യാപിക നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ ഫറോക്ക്)
അഞ്ച് ദിവസത്തെ തുടർച്ചയായ അക്കാഡമിക് വർക്ക്ഷോപ്പ്, ഉറക്കമില്ലാത്ത രാത്രികൾ… ബുദ്ധിയെ മാത്രം പണയപ്പെടുത്തിയ ആ നാളുകൾക്കൊടുവിൽ മനസ്സിനും ഹൃദയത്തിനും ഒരു ‘പുനർജനി’ അനിവാര്യമായിരുന്നു. ഡ്രൈവിംഗിന്റെ ക്ലേശങ്ങളില്ലാതെ പ്രകൃതിയെ ആവോളം നുകരാൻ ഇത്തവണ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം തിരഞ്ഞെടുത്തു. കൂട്ടിന് പ്രിയതമനും എഞ്ചിനീയറുമായ അബ്ദുൽ നാസർ കൂടി ചേർന്നപ്പോൾ ആ സന്തോഷം ഇരട്ടിയായി!
യാത്രയുടെ ആരംഭം:നിലാവിൽ വിരിഞ്ഞ ആവേശം
രാത്രി 9:30-ന് ആനവണ്ടിയുടെ വിളി എത്തിയതോടെയാണ് ആവേശം നിറഞ്ഞ യാത്രയ്ക്ക് തിരശ്ശീല ഉയർന്നത്. ബസ്സിൽ കയറിയപ്പോൾ തന്നെ വൈവിധ്യമാർന്ന ഒരു കൊച്ചു ലോകമായിരുന്നു അവിടെ.
പരിചയപ്പെടൽ വേളയിലെ വിസ്മയങ്ങൾ
മക്കളും മരുമകളും മകളുടെ കൂട്ടുകാരിയും അടങ്ങുന്ന ഒരു വലിയ കുടുംബം! ഹണിമൂൺ ആഘോഷവും കുടുംബയാത്രയും ഒരുമിച്ച് ചേർത്തുവെച്ച ആ കാഴ്ച വല്ലാത്തൊരു ഉണർവ് പകർന്നു.
തിരക്കുകൾ മറന്ന ദമ്പതിമാർ: ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ തങ്ങൾക്കായി മാത്രം കുറച്ച് നിമിഷങ്ങൾ മാറ്റിവെക്കാൻ എത്തിയ പ്രണയാർദ്രരായ ദമ്പതികൾ.
ഏകാന്തപഥികനായ പ്രഭാകരേട്ടൻ : ഗ്രൂപ്പുകൾക്കിടയിൽ തനിയെ യാത്രയുടെ ആനന്ദം കണ്ടെത്താൻ എത്തിയ പ്രഭാകരേട്ടൻ എല്ലാവർക്കും ഒരു കൗതുകമായിരുന്നു.
സൗഹൃദക്കൂട്ടായ്മകൾ:ബാങ്ക് ഉദ്യോഗസ്ഥരായ കൂട്ടുകാരികൾ, എന്റെ സ്കൂളിലെ തന്നെ പൂർവ്വവിദ്യാർത്ഥിനികൾ… ആ പട്ടിക നീളുന്നു.
മിംസിലെ മാലാഖമാർ: ബസ്സിലെ യഥാർത്ഥ ‘ചില്ല് ടീം’ മിംസ് (MIMS) ഹോസ്പിറ്റലിലെ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്ന മാലാഖമാരായിരുന്നു. കൊച്ചു കുഞ്ഞുങ്ങളെ തന്റെ ടീമിലെ ഓരോരുത്തരെയും കരുതലോടെ ചേർത്തുപിടിക്കുന്ന അവരുടെ എച്ച്.ഒ.ഡി (HOD) ശരിക്കും വിസ്മയിപ്പിച്ചു.
രാവിനെ ഉണർത്തിയ ആഘോഷങ്ങൾ
പാതിരാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ടുള്ള പാട്ടുകളും അന്താക്ഷരിയും ആ കൊച്ചു യാത്രയെ ഊർജ്ജസ്വലമാക്കി.
ചിപ്സും സൗഹൃദവും: വിശപ്പിന്റെ ഇടവേളകളിൽ മിംസ് ടീമിലെ സുഹൃത്തുക്കൾ പങ്കുവെച്ച ചിപ്സുകളും കൊച്ചു കൊച്ചു വർത്തമാനങ്ങളും യാത്രയുടെ മനോഹാരിത കൂട്ടി.
തൊടുപുഴയിലെ പ്രഭാതവിശ്രമം :പുലർച്ചെ 3.45 യോടെ ഞങ്ങൾ തൊടുപുഴയുടെ മണ്ണിൽ എത്തി. ക്ഷീണം മാറ്റാൻ വിപുലമായ സൗകര്യങ്ങളോടുകൂടിയ ഫ്രഷ്-അപ്പ് . രണ്ടു മണിക്കൂർ ശാന്തമായി ഉറങ്ങി സുബഹ് നിസ്കാരവും കഴിഞ്ഞു ഞങ്ങൾ വരാനിരിക്കുന്ന കാഴ്ചകൾക്കായി സജ്ജരായി.
പുലർകാല ശോഭയിൽ ഒരു ശില്പവിസ്മയം
രാവിലെ 6:15-ന് പ്രഭാതവെളിച്ചത്തിൽ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഇടുക്കിയുടെ മലനിരകൾ ഞങ്ങളെ വരവേറ്റു.
പ്രഭാതഭക്ഷണം: വഴിയിലെ ഹോട്ടലിൽ നിന്ന് രുചികരമായ ബ്രേക്ക്ഫാസ്റ്റ്.
ഹൃദയസ്പർശിയായ ശില്പം : സമീപത്തുള്ള ചർച്ചിൽ കണ്ട ആ വിസ്മയം മറക്കാനാവില്ല. യേശുക്രിസ്തു അമ്മയായ മറിയത്തിന്റെ മടിയിൽ ശാന്തനായി കിടക്കുന്ന ആ ശില്പം (Pietà) അത്രമേൽ വൈകാരികമായിരുന്നു.
വിവരണം നൽകുന്ന ശ്രീജിത്ത് സാർ
കണ്ടക്ടർ ശ്രീജിത്ത് സാറിന്റെ മൈക്കിലൂടെയുള്ള വിവരണം ഒരു വഴികാട്ടിയെപ്പോലെ കൂടെയുണ്ടായിരുന്നു. തേയിലത്തോട്ടങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന സിൽവർ ഓക്ക് മരങ്ങളെക്കുറിച്ചും കെ.എസ്.ആർ .ടി.സിയുടെ സുരക്ഷിത യാത്രകളെ ക്കുറിച്ചും അദ്ദേഹം വാചാലനായിക്കൊ ണ്ടിരുന്നു.
ഇലവീഴാപ്പൂഞ്ചിറ : മഞ്ഞും കാറ്റും വിസ്മയം തീർക്കുന്ന ട്രെക്കിംഗ് സമുദ്രനിര പ്പിൽ നിന്നും 3200 അടി ഉയരത്തിൽ പ്രകൃതി കാത്തുവെച്ച അത്ഭുതം!
സാഹസികതയുടെ പാതയിൽ: ജീപ്പ് സവാരിക്ക് ശേഷമുള്ള ആ ട്രെക്കിംഗ് ശരിക്കും ഹൃദയമിടിപ്പ് കൂട്ടി. കുത്തനെയുള്ള കയറ്റങ്ങളും അഗാധമായ താഴ്വരകളും സാഹസികതയുടെ പുതിയ പാഠങ്ങളായിരുന്നു.
ചിറയുടെ ഐതിഹ്യം: ദ്രൗപതിക്കായി പാണ്ഡവർ നിർമ്മിച്ചതാണത്രേ ഈ പൂഞ്ചിറ. മരങ്ങളില്ലാത്തതിനാൽ ഇലകൾ വീഴാത്ത ഈ താഴ്വര പ്രകൃതിയുടെ ഒരു വിചിത്ര രഹസ്യമാണ്.
മുനിയറയും ഗുഹയും: മുനിമലയിലെ ട്രെക്കിംഗ് അവസാനിച്ചത് ചരിത്രം ഉറങ്ങുന്ന മുനിയറകളിലാണ്. അല്പം സാഹസികമായി ഗുഹയ്ക്കുള്ളിലേക്ക് ഇറങ്ങിയത് അവിസ്മരണീയമായ അനുഭവമായി.
ഇല്ലിക്കൽ കല്ല്: ആശങ്കകൾക്കൊടുവിലെ വിസ്മയം കാട്ടുതീ പടർന്നതിനാൽ പ്രവേശനമുണ്ടാകില്ല എന്ന വാർത്ത മനസ്സിനെ അല്പം നിരാശപ്പെടുത്തിയെങ്കിലും പ്രതീക്ഷ കൈവിടാതെ ഞങ്ങൾ അവിടെയെത്തി. ഭാഗ്യം തുണച്ചു, പ്രവേശനം സാധ്യമായിരുന്നു!
ഗാംഭീര്യമുള്ള കല്ല്: സമുദ്രനിരപ്പിൽ നിന്നും 4000 അടി ഉയരത്തിൽ ആകാശത്തെ തൊട്ടുനിൽക്കുന്ന മൂന്ന് കൂറ്റൻ പാറക്കൂട്ടങ്ങൾ. പ്രത്യേക ജീപ്പുകളിൽ അങ്ങോട്ടേക്കുള്ള യാത്ര ആവേശകരമായിരുന്നു. പ്രകൃതി തീർത്ത ആ മഹാശില്പം ഏതൊരു യാത്രികന്റെയും കണ്ണഞ്ചിപ്പിക്കും.
ഗണിതവിസ്മയം തീർത്ത ഡ്രൈവർ സുധീഷ് സാർ
യാത്രയ്ക്കിടയിൽ ഡ്രൈവർ സുധീഷ് സർ ഗണിതത്തിലെ മായാജാലവുമായാണ് ഞങ്ങളെ സമീപിച്ചത്. ഗണിതാശയങ്ങൾ ഹൃദിസ്ഥമാക്കിയ അദ്ദേഹം അത് അവതരിപ്പിച്ച രീതി വിസ്മയിപ്പിക്കുന്ന തായിരുന്നു. ഗണിതവിഷയം ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ അദ്ദേഹത്തിന്റെ ആ വൈഭവം എനിക്ക് ഏറെ ഉപകാരപ്പെടുകയും ഒപ്പം വലിയൊരു കൗതുകമായി മാറുകയും ചെയ്തു. ഗണിതം ഇത്ര ലളിതമായും മനോഹരമായും പങ്കുവെക്കാൻ കഴിയുന്ന ഒരു ‘ഗണിത വിദ്വാൻ’ തന്നെയായിരുന്നു അദ്ദേഹം.
സ്നേഹം ചാലിച്ച ഊണ്: ഉച്ചഭക്ഷണത്തിനായി ഞങ്ങൾ എത്തിയത് ഒരു KTDC ഹോട്ടലിലാണ്.വലിയൊരു കുടുംബം ഒരുമിച്ചിരുന്ന് കഴിക്കുന്നത് പോലെ.. മേശപ്പുറത്ത് വിഭവങ്ങൾ നിരന്നിരുന്നു. ചൂടുള്ള നാടൻ ചോറും ഓംലെറ്റും!
സ്കൂൾ വിട്ടു വരുമ്പോൾ എന്റെ ഉമ്മ (മദർ ഇൻ ലോ) സ്നേഹത്തോടെ കരുതിവെക്കുന്ന ആ ഊണിന്റെ രുചിയായിരുന്നു അതിന്.
വാഗമൺ : മൊട്ടക്കുന്നിലെ കാറ്റും പൈൻ വനങ്ങളിലെ തണുപ്പും യാത്രയുടെ അവസാന ലക്ഷ്യസ്ഥാനമായ വാഗമൺ മറ്റൊരു ലോകത്തേക്കുള്ള കവാടമാ യിരുന്നു.
പച്ചപ്പട്ടുവിരിച്ച മൊട്ടക്കുന്നുകൾ: വാഗമൺ മൊട്ടക്കുന്നുകളിലെ കാഴ്ച വർണ്ണനാതീതമാണ്.
അനന്തമായി പരന്നുകിടക്കുന്ന പച്ചപ്പിന് മീതെ വെയിലും തണലും മേഘങ്ങളും മാറിമാറി വരുന്നത് കാണുമ്പോൾ ഭൂമിയിൽ പച്ചപ്പട്ടു വിരിച്ചതുപോലെ തോന്നും.
ആ കുന്നിൻ ചെരിവുകളിൽ ഇളം കാറ്റേറ്റു നിൽക്കുന്നത് മനസ്സിന് വല്ലാത്തൊരു സമാധാനമാണ് നൽകുന്നത്.
സിപ് ലൈനിലെ സാഹസികത: മൊട്ടക്കുന്നിലെ കാഴ്ചകൾക്കിടയിൽ അവിടെയുള്ള സിപ് ലൈൻ (Zip line) ശ്രദ്ധയിൽപ്പെട്ടിരുന്നില്ല
പിന്നീട് തിരികെ വന്ന് ഡ്രൈവറോട് സംസാരിക്കുമ്പോൾ ഒരു സഹയാത്രിക തന്റെ ആവേശകരമായ സിപ് ലൈൻ അനുഭവം പങ്കുവെച്ചപ്പോഴാണ് അതിന്റെ ശരിക്കുള്ള ത്രില്ല് ഞങ്ങളും അറിഞ്ഞത്.
ആകാശത്തിലൂടെ പറക്കുന്ന ആ അനുഭവം കേട്ടപ്പോൾ തന്നെ വല്ലാത്തൊരു ആവേശം തോന്നി.
പൈൻ വാലിയിലെ അദ്ഭുതങ്ങൾ ?പൈൻ മരങ്ങൾക്കിടയിലെ ആ ചെറിയ വരമ്പുകൾ കൗതുകകരമാണ്. താഴെ നിന്ന് മുകളിലേക്ക് കയറുന്ന ആ ഭാഗം ഒരു വശത്തേക്ക് ചെരിഞ്ഞു പോകുന്ന പോലെയുള്ള അനുഭവം! കൊച്ചു കുട്ടികൾ പോലും ഭയമില്ലാതെ ആ വരമ്പുകൾ ചാടിക്കടന്ന് ഓടി കയറുന്നത് കാണാൻ നല്ല രസമായിരുന്നു.
നിധിപോലെയുള്ള ഫോട്ടോകൾ: പൈൻ വാലിയിൽ വെച്ച് എടുക്കുന്ന ഫോട്ടോകൾ തൽസമയം ഫ്രെയിം ചെയ്തു കിട്ടുന്നത് യാത്രയുടെ വിലപ്പെട്ട ഓർമ്മക്കൂടായി.
ആ വലിയ കുടുംബം: വാഗമൺ അഡ്വഞ്ചർ പാർക്കിലേക്ക് കടക്കുന്നതിന് മുൻപായി ബസ്സിലുണ്ടായിരുന്ന എല്ലാവരും ചേർന്ന് മനോഹരമായ ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തു. നിമിഷങ്ങൾ കൊണ്ട് ഹൃദയങ്ങൾ തമ്മിൽ ബന്ധിപ്പിക്കപ്പെട്ട ഒരു വലിയ കുടുംബത്തിന്റെ നേർചിത്രമായിരുന്നു അത്.
അഡ്വഞ്ചർ പാർക്ക്: സന്ധ്യയായപ്പോൾ അഡ്വഞ്ചർ പാർക്ക് വർണ്ണാഭമായി. പൂന്തോട്ടത്തിന്റെ കുളിർമയും പ്രകാശഭരിതമായ ലൈറ്റ് ഷോയും സംഗീതത്തിനൊപ്പം നൃത്തം ചെയ്ത വാട്ടർ ലൈറ്റ് ഷോയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളായിരുന്നു.
ആഘോഷവും കട്ടൻ കാപ്പിയും: മടക്കയാത്ര ശരിക്കും ഒരു ഉൽസവമായിരുന്നു. മിംസ് ടീമിന്റെയും എന്റെ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനികളുടെയും ഡാൻസും പാട്ടും രാത്രിയെ സജീവമാക്കി.
യാത്രയുടെ ഒടുവിൽ അനുഭവപ്പെട്ട കഠിനമായ തലവേദനയെ ആ തണുപ്പുള്ള രാത്രിയിൽ കുടിച്ച ഒരു കട്ടൻ കാപ്പി കൊണ്ട് ഞാൻ തോൽപ്പിച്ചു. ആ ചൂട് കട്ടൻ നൽകിയ ഉന്മേഷം പറഞ്ഞറിയിക്കാ നാവില്ല.
അഭിനന്ദനങ്ങളുടെ നിറവിൽ റിവ്യൂ : യാത്രയുടെ അവസാന നിമിഷങ്ങളിൽ മൈക്കിലൂടെ ഓരോരുത്തരും തങ്ങളുടെ റിവ്യൂ പങ്കുവെച്ചു. എല്ലാവരും ഒരേ സ്വരത്തിൽ ആനവണ്ടിയുടെ ഈ ബജറ്റ് ടൂറിസത്തെ ഹൃദയം കൊണ്ട് അഭിനന്ദിച്ചു.
എന്റെ റിവ്യൂ: എന്തുകൊണ്ട് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം?
ബജറ്റ് ഫ്രണ്ട്ലി , കുറഞ്ഞ ചിലവിൽ രാജകീയമായ യാത്ര.
സുരക്ഷിതം: സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ യാത്ര.
വ്യക്തിപരമായ കരുതൽ: ഓരോ യാത്രക്കാരനെയും ജീവനക്കാർ സ്വന്തം കുടുംബാംഗത്തെപ്പോലെ ശ്രദ്ധിക്കുന്നു.
മാതൃകാപരമായ പ്രൊഫഷണലിസം:
സ്വന്തം ഭാര്യ യാത്രയിൽ കൂടെ ഉണ്ടായിട്ടും, അവരെ ഒരു സഹയാത്രികയെപ്പോലെ കണ്ട് തന്റെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച കണ്ടക്ടർ ശ്രീജിത്ത് സർ! ഭാര്യ തന്റെ സഹപ്രവർത്തകർക്കൊപ്പം യാത്ര ആസ്വദിക്കുമ്പോഴും അദ്ദേഹം തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ പുലർത്തിയ ആത്മാർത്ഥത എടുത്തു പറയേണ്ടതാണ്.
നേതൃപാടവം: മിംസ് ടീമിന്റെ എച്ച്.ഓ.ഡി തന്റെ ജീവനക്കാർക്ക് നൽകുന്ന ആ സ്വാതന്ത്ര്യവും കരുതലും മാതൃകാപരമാണ്.
ഉപസംഹാരം:
പുലർച്ചെ 3:30-ന് കോഴിക്കോട് മണ്ണിൽ തിരിച്ചെത്തുമ്പോൾ അതൊരു വലിയ യാത്രയുടെ വിജയകരമായ സമാപ്തിയായിരുന്നു.ആഗ്രഹിക്കുന്നവർ എല്ലാവരും കെ.എസ്.ആർ.ടി.സി-യോടൊപ്പം ഒരിക്കലെങ്കിലും ഈ ഹൃദയയാത്ര നടത്തുക!
