പ്രിയപ്പെട്ട കുട്ടികളേ, രക്ഷിതാക്കളേ ​സ്കൂൾ തുറക്കാൻ ഇനി അധികം ദിവസങ്ങളില്ല

May 15, 2026

പുതിയ അധ്യയന വർഷാരംഭവുമായി ബന്ധപ്പെട്ട എറണാകുളം ജില്ലാ കളക്ടറുടെ fb പോസ്റ്റ്

പ്രിയപ്പെട്ട കുട്ടികളേ, രക്ഷിതാക്കളേ

​സ്കൂൾ തുറക്കാൻ ഇനി അധികം ദിവസങ്ങളില്ല. പുതിയ ക്ലാസ്സും കൂട്ടുകാരും പാഠപുസ്തകങ്ങളും ഒക്കെ ഒരു ആവേശമാണ്. എന്നാൽ ഈ അധ്യയനവർഷം നമുക്കൊരു പുതിയ ശീലം തുടങ്ങാം.

പുതിയ ക്ലാസ്സിലേക്ക് പോകുമ്പോൾ എല്ലാം പുതിയത് തന്നെ വേണമെന്ന വാശി നമുക്ക് വേണ്ട. കഴിഞ്ഞ വർഷം നമ്മൾ സ്നേഹത്തോടെ ഉപയോഗിച്ച കുടയും ബാഗും വാട്ടർ ബോട്ടിലുമൊക്കെ ഒന്ന് വൃത്തിയാക്കിയെടുത്താൽ ഈ വർഷവും ഉപയോഗിക്കാo. ഒരു കുടയോ ബാഗോ പുതിയത് വാങ്ങുമ്പോൾ അതിൻ്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വിഭവങ്ങളെക്കുറിച്ചും അത് പിന്നീട് മാലിന്യമായി മാറുന്നതിനെക്കുറിച്ചും നാം ചിന്തിക്കണം. അനാവശ്യമായ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഒഴിവാക്കി, നമ്മുടെ കൈവശമുള്ള സ്റ്റീൽ കുപ്പികളും പഴയ ബാഗുകളും ഉപയോഗിക്കുന്നതിലൂടെ നിങ്ങൾ പ്രകൃതിയുടെ വലിയൊരു കാവലാളായി മാറുകയാണ്. ഭൂമിക്ക് വേണ്ടിയുള്ള ഈ മാറ്റം നമ്മുടെ എറണാകുളത്ത് നിന്ന് തന്നെ തുടങ്ങാഠ.

​നിങ്ങൾ ഓരോരുത്തരും ഈ പരിസ്ഥിതി സൗഹൃദ യാത്രയിലെ ‘റീയൂസ് സ്റ്റാറുകൾ’ ആകണം എന്നാണ് എൻ്റെ ആഗ്രഹം. പഴയ ബാഗിൽ ഒരു പുതിയ ബാഡ്ജോ സ്റ്റിക്കറോ ഒട്ടിച്ച് മനോഹരമാക്കാം; പാകമാകുന്ന യൂണിഫോമുകൾ അഭിമാനത്തോടെ അണിയാം. ഉപയോഗശൂന്യമായി എന്ന് നമ്മൾ കരുതുന്ന പലതിനെയും അല്പം സർഗ്ഗാത്മകതയോടെ വീണ്ടെടുക്കാൻ നമുക്ക് സാധിക്കും.

മാലിന്യമില്ലാത്ത, ഹരിതാഭമായ ഒരു വിദ്യാലയ അന്തരീക്ഷം കെട്ടിപ്പടുക്കാൻ എൻ്റെ കൊച്ചു കൂട്ടുകാർ മുന്നിട്ടിറങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഏവർക്കും ഹൃദയം നിറഞ്ഞ അധ്യയന വർഷാശംസകൾ!

​സ്നേഹപൂർവ്വം,

​ജി. പ്രിയങ്ക ഐ.എ.എസ്.

ജില്ലാ കളക്ടർ, എറണാകുളം.

Category: Current News