ശുഹൈമ ഷിറിന് സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ്

ഗസയുടെ നൊമ്പരം ഗാനമായി
ശുഹൈമ ഷിറിന് സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ്
തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പെൺകുട്ടികളുടെ അറബിക് ഗാന മത്സരത്തിൽ ഗസയിലെ ജനതയുടെ വേദന ഹൃദയസ്പർശിയായി അവതരിപ്പിച്ച ശുഹൈമ ഷിറിന് എ ഗ്രേഡ് നേട്ടം. കോഴിക്കോട് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശുഹൈമ.
ഗസയുടെ ദുരിതവും മനുഷ്യവേദനയും ആസ്പദമാക്കി അവതരിപ്പിച്ച ഗാനമാണ് വിധികർത്താക്കളുടെ ശ്രദ്ധ നേടിയത്. ഇതിനുമുൻപ് കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ അറബിക് മോണോ ആക്ട്, അറബിക് സംഘഗാനം, മാപ്പിളപ്പാട്ട്, ഒപ്പന എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടി ശുഹൈമ ശ്രദ്ധേയയായിട്ടുണ്ട്.
സ്കൂളിലെ അറബിക് അധ്യാപകനായ അബ്ദുൽ റഷീദിന്റെ പരിശീലനത്തിലൂടെയാണ് സംസ്ഥാന തലത്തിൽ ഈ മികച്ച നേട്ടം കൈവരിക്കാൻ ശുഹൈമയ്ക്ക് സാധിച്ചത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ ഷബീർ–നിഷ്മിജ ദമ്പതികളുടെ മകളാണ് ശുഹൈമ ഷിറിൻ.
