64 മത് കേരള സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

January 14, 2026

64 മത് കേരള സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

കലാകാരൻമാരെ മതത്തിൻ്റെ കണ്ണിലൂടെ കാണരുതെന്നും കലയാണ് അവരുടെ മതമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ തേക്കിൻകാട് മൈതാനത്ത് 64 മത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പഴയകാലത്ത് കലകൾ പലപ്പോഴും ഏതെങ്കിലും പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ ഉള്ളിൽ മാത്രമായി ഒതുങ്ങിനിന്നിരുന്നു. ജാതിയും ജന്മിത്തവും നിലനിന്നിരുന്ന കാലത്ത് തൊട്ടുകൂ ടായ്മയും തീണ്ടിക്കൂടായ്മയും മനുഷ്യരെ തമ്മിൽ അകറ്റിയിരുന്നു. അത് കലകളെയും ബാധിച്ചിരുന്നു.

കലോത്സവത്തിൽ സമ്മാനങ്ങൾ നേടുന്നതിനേക്കാൾ പ്രധാനം അതിൽ പങ്കെടുക്കുക എന്നതാണ്. സമ്മാനം ലഭിച്ചവർ മാത്രമല്ല, അല്ലാത്തവരും പിൽക്കാലത്ത് വലിയ പ്രതിഭകളായി വളർന്നിട്ടുണ്ട്. കലയുടെ ആസ്വാദനം വ്യക്തിനിഷ്ഠമാണെന്നും ഒരാൾക്ക് മികച്ചത് മറ്റൊരാൾക്ക് മികച്ചതോ മോശമോ അല്ലെന്നും അദ്ദേഹം പറഞ്ഞു.

മത്സരങ്ങൾ നടക്കുന്നത് കുട്ടികൾ തമ്മിലാണെന്നും രക്ഷിതാക്കൾ തമ്മിലല്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കലോൽസവത്തിൽ ഏതെങ്കിലും രീതിയിൽ പ്രകടമായ ക്രമക്കേടുകൾ കണ്ടെത്തിയാൽ പരിശോധിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയുണ്ട്. കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് കാലുഷ്യത്തിൻ്റെ കണിക കടക്കാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. നല്ല മനുഷ്യരാകുക എന്നതാണ് കലയുടെ ധർമ്മമെന്നും മുഖ്യമന്ത്രി പറഞ്ഞു.

1956-ൽ എറണാകുളത്ത് 200 കുട്ടികളുമായി തുടങ്ങിയ ‘യുവജനോത്സവം’ ഇന്ന് 14,000-ത്തിലധികം പ്രതിഭകൾ പങ്കെടുക്കുന്ന മഹാമേളയായി വളർന്നതിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.1975ൽ മോഹിനിയാട്ടം കഥകളി, സംഗീതം, അക്ഷരശ്ലോകം തുടങ്ങിയവ ഉൾപ്പെടുത്തി കലോത്സവം കുറേക്കൂടി വികസിപ്പിച്ചു. 2009ലാണ് കേരള സ്കൂൾ കലോത്സവം എന്ന പേരിൽ ഇത് അറിയപ്പെടാൻ തുടങ്ങിയത്. 70 വർഷം കൊണ്ട് ഈ മേളയ്ക്ക് വന്ന മാറ്റം അമ്പരപ്പിക്കുന്നതാണ്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമാമാങ്കമായി കലോത്സവം വളർന്നു എന്നത് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തു തെളിയിക്കുന്നവെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ സ്വാാഗതം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു , കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി പങ്കെടുത്തു.

പരിപാടിയിൽ വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി, എം.പി മാരായ കെ. രാധാകൃഷ്ണൻ, ബെന്നി ബഹനാൻ, കോപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, എ.സി മൊയ്തീൻ, യു.ആർ പ്രദീപ്, കെ.കെ രാമചന്ദ്രൻ, സനീഷ്കുമാർ ജോസഫ്, ഇ.ടി ടെയ്സൺ മാസ്റ്റർ, എൻ.കെ അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, വി.ആർ സുനിൽകുമാർ, മുരളി പെരുനെല്ലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ സുധീഷ്, പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ പെരുവനം കുട്ടന്മാരാർ, പത്മശ്രീ ഐ.എം വിജയൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, കേരള ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത്, സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ.എസ്.കെ ഉമേഷ് പൊതുവിദ്യാഭ്യാസ വകുപ്പ് ജനറൽ കൺവീനർ അഡീഷണൽ ഡയറക്ടർ ആർ.എസ് ഷിബു, ഡെപ്യൂട്ടി ഡയറക്ടർ പി.എം ബാലകൃഷ്ണൻ, ചലച്ചിത്ര താരം റിയ ഷിബുതുടങ്ങിയവർ പങ്കെടുത്തു.

Category: Current News