അത്ഭുതമായി ഈ ‘ഡോക്ടർ ദമ്പതികൾ

അത്ഭുതമായി ഈ ഡോക്ടർ ദമ്പതികൾ
അന്ന് ആറുമാസം ഗർഭിണിയായിരിക്കെ ഹഷ്ന, ഇന്ന് സുഹാദ്!
കക്കട്ടിൽ: സേവനമെന്നത് വെറുമൊരു വാക്കല്ല, തങ്ങളുടെ ജീവിതചര്യയാണെന്ന് തെളിയിക്കുകയാണ് ഡോക്ടർ സുഹാദും ഭാര്യ ഡോക്ടർ ഹസ്നയും. ശ്വാസം നിലച്ചുപോകുമായിരുന്ന അഞ്ചു വയസ്സുകാരൻ കേദാറിന് ഡോ. സുഹാദ് നൽകിയ പുനർജന്മം നാടിന്റെയാകെ പ്രാർത്ഥനകൾ ഏറ്റുവാങ്ങുകയാണ്.
ശനിയാഴ്ച ഉച്ചയോടെയാണ് തൊണ്ടയിൽ മാങ്ങ കുരുങ്ങിയ നിലയിൽ മുളളമ്പത്ത് സ്വദേശിയായ ബാലനെ കക്കട്ടിലിലെ ഡോ. എച്ച്.എസ്. സുഹാദിന്റെ ക്ലിനിക്കിൽ എത്തിച്ചത്. കുട്ടിയുടെ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർ, ഉടൻതന്നെ ജീപ്പിൽ കുട്ടിയെ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആ യാത്രയിലുടനീളം ഡോക്ടർ നൽകിയ തീവ്രപരിചരണമാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.
നന്മയുടെ വേരുകൾ. ഡോ. ഹസ്നയുടെ ആ ധീരത
ഈ നന്മയുടെ കഥയ്ക്ക് രണ്ട് വർഷം മുൻപുള്ള മറ്റൊരു അധ്യായം കൂടിയുണ്ട്. തൊട്ടിൽപ്പാലത്തിനടുത്ത് കുണ്ടുതോടുള്ള സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുമ്പോഴാണ് ഡോ. സുഹാദിന്റെ ഭാര്യ ഡോ. ഹഷ്ന നാ സർ (നിലവിൽ ഉള്ളിയേരി ബ്ലോക്ക് എഫ്.എച്ച്.സി LSGD മെഡിക്കൽ ഓഫീസർ) സമാനമായ രീതിയിൽ ഒരാളുടെ ജീവൻ രക്ഷിച്ചത്.
അന്ന് ആറുമാസം ഗർഭിണിയായിരുന്ന ഡോ. ഹഷ്ന നാസർ , തന്റെ ശാരീരിക ബുദ്ധിമുട്ടുകൾ മറന്നുകൊണ്ടാണ് ഇലക്ട്രിക് ഷോക്ക്േറ്റ് അപകടാവസ്ഥയിലായ ആളെ പരിചരിക്കാനും ജീവൻ നിലനിർത്താനും മുന്നിട്ടിറങ്ങിയത്. ആ ധീരമായ ഇടപെടലിന് അന്ന് കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥർ നേരിട്ടെത്തി അവരെ ആദരിച്ചിരുന്നു.
അന്ന് ഗർഭാവസ്ഥയിൽ മാതാവ് കാട്ടിയ ആ വലിയ മനസ്സ്, ഇന്ന് പിതാവിലൂടെ ആവർത്തിക്കപ്പെടുമ്പോൾ അത് രണ്ട് വയസ്സുകാരനായ മകൻ എമിർ ലിഹാമിനും വരുംതലമുറയ്ക്കും വലിയൊരു മാതൃകയാണ്. കക്കട്ടിൽ സ്വദേശികൾക്കും നാടിനും ഈ ഡോക്ടർ കുടുംബം ഇപ്പോൾ വെറുമൊരു ചികിത്സകരല്ല, മറിച്ച് കാവൽ മാലാഖമാരാണ്.
