കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് സെമിനാർ ശ്രദ്ധേയമായി

January 16, 2026

തൃശ്ശൂരിൽ വെച്ച് നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) സംഘടിപ്പിച്ച അറബിക് സെമിനാറും പണ്ഡിത ആദരവും, അറബി ഭാഷക്കും വിദ്യാഭ്യാസ ലോകത്തിനും അഭിമാനാർഹമായൊരു സാംസ്കാരിക–അക്കാദമിക വേദിയായി മാറി.

പൊതുവിദ്യാഭ്യാസ–തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ഈ സെമിനാർ, അറിവിന്റെയും ഭാഷാസാംസ്കാരിക ബോധത്തിന്റെയും പ്രാധാന്യം സമൂഹത്തിലേക്ക് ശക്തമായി എത്തിച്ചു.

മതപരമായ അതിരുകൾ കടന്ന് ലോകസാഹിത്യത്തിനും ശാസ്ത്രത്തിനും തത്വചിന്തയ്ക്കും മാനവിക മൂല്യങ്ങൾക്കും മഹത്തായ സംഭാവനകൾ നൽകിയ അറബി ഭാഷയെ, കേരളത്തിന്റെ വിദ്യാഭ്യാസ–സാംസ്കാരിക മുഖച്ഛായയായ കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമാക്കി അവതരിപ്പിച്ചതിലൂടെ കലോത്സവത്തിന്റെ വിശാല ദർശനവും ബഹുസ്വര സാംസ്കാരിക സമീപനവും കൂടുതൽ തെളിഞ്ഞു.

കലയും ഭാഷയും അറിവും കൈകോർക്കുന്ന ഈ മഹോത്സവം, പുതിയ തലമുറയിൽ പഠനാഭിരുചിയും സാംസ്കാരിക അഭിമാനവും വളർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.

സംഘാടക മികവുകൊണ്ടും ഉള്ളടക്കത്തിന്റെ ഗൗരവത്താലും ഏറെ ശ്രദ്ധിക്കപ്പെട്ട ഈ സെമിനാർ, കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ വിദ്യാഭ്യാസ പ്രതിബദ്ധതക്കും അക്കാദമിക നേതൃത്വത്തിനും തെളിവായി. ഈ വേദിയിൽ പങ്കെടുത്ത് സംസാരിക്കുവാൻ അവസരം നൽകിയ സംഘാടകർക്ക് ഹൃദയം നിറഞ്ഞ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. അറബി ഭാഷയുടെ മഹത്തായ പാരമ്പര്യവും പ്രസക്തിയും പങ്കുവെക്കാൻ ലഭിച്ച ഈ അവസരം, എന്റെ ജീവിതത്തിലെ വിലമതിക്കാ നാകാത്ത അനുഭവങ്ങളിലൊന്നാണ്. പഴുതടച്ച സംഘാടക മികവിലൂടെ കെഎടിഎഫ് തൃശ്ശൂർ ജില്ലയുടെ ഓരോ പ്രവർത്തകരെയും ഈ അവസരത്തിൽ പ്രത്യേകം അഭിനന്ദിക്കുന്നു

മാഹിൻ ബാഖവി

സീനിയർ വൈസ് പ്രസിഡൻറ്

കെ എ ടി എഫ് സംസ്ഥാന കമ്മിറ്റി

Category: Current News